SEARCH


Chukannamma Theyyam - ചുകന്നമ്മ തെയ്യം

Chukannamma Theyyam - ചുകന്നമ്മ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Chukannamma Theyyam - ചുകന്നമ്മ തെയ്യം

വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഒരു അമ്മ തെയ്യമാണ്‌ ചുകന്നമ്മ തെയ്യം. ചോന്നമ്മ എന്നും ഈ തെയ്യം അറിയപ്പെടുന്നു. കാഴ്ചയില്‍ തമ്പുരാട്ടി തെയ്യവുമായി രൂപ സാദൃശ്യമുണ്ടെങ്കിലും മുടി അത്രത്തോളം വരില്ല. തെയ്യത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങിനെയാണ്‌. സന്താനങ്ങള്‍ ഇല്ലാത്ത ഈറാവളളി മതിലകത്തെ സ്ത്രീകള്‍ക്ക് കൊടുക്കുവാന്‍ വേണ്ടി കര്‍മ്മി അരി, പൂവ് എന്നിവ കൊണ്ട് മന്ത്രിച്ചു തയ്യാറാക്കി വെച്ച ദിവ്യൗഷധം അവര്‍ക്ക് നല്‍കുന്നതിനു മുന്നേ അവിടെയെത്തിയ ഒരു പെൺമാൻ കഴിക്കാനിടയാകുകയും ആ മാന്‍ ഒരു മനുഷ്യ പെൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. നായാട്ടിനിറങ്ങിയ കാട്ടു ജാതിക്കാര്‍ ഈ ഈ കുഞ്ഞിനെ സന്താനങ്ങള്‍ ഇല്ലാത്ത ഈറാവളളി മതിലകത്തില്‍ ഏല്‍പ്പിക്കുകയും സന്തുഷ്ടരായ ബ്രാഹ്മണ ദമ്പതിമാര്‍ അതിനെ “വാണാര്‍ പൈതല്‍” എന്ന് പേര് വിളിക്കുകയും ചെയ്തു. മറ്റ് കുട്ടികളില്‍ നിന്ന് ഭിന്നമായ സ്വഭാവം വച്ച് പുലര്‍ത്തിയ കുട്ടി ഒരിക്കല്‍ മണ്ണ് വാരിക്കളിക്കുമ്പോള്‍ അച്ഛനും അമ്മയും ശകാരിക്കുകയും അടിക്കുകയും ചെയ്തതിനാല്‍ ദേഷ്യം വന്ന കുട്ടി ഇല്ലം വിട്ടു നടന്നു. എതിരെ വന്ന ആശാരിമാരോടു വഴി ചോദിച്ച കുട്ടിക്ക് അവരില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ മുന്നോട്ടു തന്നെ നടന്നു. എന്നാല്‍ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തങ്ങളോടു വഴി ചോദിച്ച പെണ്‍കുട്ടി ഒരു ദേവ കന്യകയാണോ എന്ന സംശയം ആശാരിമാര്‍ക്ക് ഉണ്ടാവുകയും അവര്‍ അവളെ തിരഞ്ഞു കണ്ടെത്തുകയും ചെയ്യുന്നു. ആശാരിമാരോട് തനിക്ക് ഒരു ആരൂഡം വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അത് പണിത് കൊടുക്കുകയും പെണ്‍കുട്ടി അതില്‍ തന്നെ ഇരുപ്പാവുകയും ചെയ്തു. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞ് ഋതുമതിയായ പെണ്‍കുട്ടി ആചാരങ്ങള്‍ മറന്നു അതിനുള്ളില്‍ തന്നെ ഇരുപ്പായ സമയത്ത് ഇതറിഞ്ഞ് സന്തോഷത്തോടെ മകളെ കാണാന്‍ അവിടെക്ക് അരി കൊണ്ട് തയ്യാറാക്കിയ പാൽ പുങ്ങനുമായി വന്ന അച്ഛനെയും അമ്മയെയും കാണാന്‍ കൂട്ടാക്കാതെയിരുന്നു. അച്ഛനും അമ്മയും കരഞ്ഞു കേണപേക്ഷിച്ചിട്ടും അവള്‍ അവരെ കാണാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‍ അവര്‍ പാൽ പുങ്ങൻ അവിടെ വെച്ച് തിരിയേ ഇല്ലത്തേക്ക് യാത്രയായി. അവര്‍ പോയ ശേഷം അച്ഛനമ്മമാരോടുള്ള ദേഷ്യം കാരണം ആ പാൽ പുങ്ങത്തിനു ഒറ്റച്ചവിട്ടു കൊടുത്തു. അടിയുടെ ശക്തിയില്‍ തെറിച്ചു പോയ പായസം കുട്ടനാട്ടിലെ കുറുവയലില്‍ പതിച്ചു ചെന്നല്ലായി അവിടെ വളര്‍ന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്നു മാതാപിതാക്കളുടെ കണ്ണീര്‍ വീണ സ്ഥലത്ത് ഇനി ഞാന്‍ താമസിക്കില്ലെന്ന് പറഞ്ഞു ഇറങ്ങിയോടിയ പെണ്‍കുട്ടി ഒരു കരിമ്പനയുടെ മുകളില്‍ കയറിക്കൂടി അവിടെ സ്ഥിരമായി താമസിക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ നമ്പ്യാര്‍ സമുദായക്കാര്‍ പനകൊണ്ടുള്ള വില്ലു ഉണ്ടാക്കാനായി പെണ്‍കുട്ടി താമസിച്ച പന മുറിക്കാന്‍ വരികയും അവളുടെ കൊത്തല്ലേ, മുറിക്കല്ലേ എന്നുള്ള അപേക്ഷ വക വെക്കാതെ പന മുറിക്കുകയും ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാരത്താല്‍ പനയുടെ കെട്ടു പൊങ്ങാതിരുന്നപ്പോള്‍ അവര്‍ പനയോടു സംസാരിക്കുകയും പെണ്‍കുട്ടിക്ക് ക്ഷേത്രം, നിവേദ്യം പൂജ എന്നിവ ചെയ്ത് കൊടുക്കാമെന്ന് ധാരണയാകുകയും പെണ്‍കുട്ടി അവരോടോന്നിച്ചു പോവുകയും ചെയ്തു. പിന്നീട് ഈ പെണ്‍കുട്ടിയെ ചുകന്നമ്മയായി പ്രതിഷ്ഠിക്കുകയും അവര്‍ക്ക് പൂജ ചെയ്യുവാനുള്ള കര്‍മ്മിയെയും കണ്ടെത്തികൊടുക്കുകയും ചെയ്തു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848